logo

സുഖി ഭവ :-വിദുരനീതി

സുഖി ഭവ :-വിദുരനീതി ഭാരത സംസ്കാരത്തിന്റെ ഉറവിടം വേദങ്ങളാന്ന് നമുക്കറിയാം.എന്നാൽ വേണ്ടത്ര വെള്ളവും വളവും കൊടുത്ത് അതിനെ പോഷിപ്പിച്ചത് പുരാണങ്ങളും, ഇതിഹാസങ്ങളുമാണ്. അവയിൽ ഏറ്റവും പ്രധാനമായവ രാമായണവും മഹാഭാരതരമാണ്. ആയിരത്തി അഞ്ഞൂറോളം കഥാപാത്രങ്ങളെ സൃഷ്ടിച്ച് ലോകത്തുള്ള ഗുണങ്ങളേയും ദോഷങ്ങളേയും വളരെ ഭംഗിയായി ചിത്രികരിച്ചു ജനങ്ങൾക്കു സർഗ്ഗാത്മകമായും നിഷേധാത്മകമായും ഉള്ള ഉപദേശങ്ങൾ ദൃഷ്ടാന്ത പൂർവ്വം നല്കുന്ന ഒരു ഇതിഹാസ ഗ്രന്ഥമാണ് മഹാഭാരതം.ഇതിൽ ഇല്ലാത്തതു് മറ്റെങ്ങുമില്ല. മഹാഭാരതത്തിലെ ഒരു പ്രധാന ഭാഗമാണ് വിദുരോപദേശം. അന്ന് ധൃതരാഷ്ട്ര മഹാ രാജാവിന് ഉപദേശിച്ച ആ ഉപദേശത്തിലെ ഒരു ശ്ലോകമാണ് ഇവിടെ ചേർക്കുന്നത്.ഏകയാ ദ്വേ വിനിശ്ചിത്യ ത്രീംശ്ചതുർഭിർ വശേ കുരു പഞ്ച ജിത്വാ വിദിത്വാഷട് സപ്തഹിത്വാ സുഖീ ഭവ:

ഒന്നുകൊണ്ട് രണ്ടിനെ നിശ്ചയിച്ച് നാലെണ്ണം കൊണ്ട് മൂന്നണ്ണത്തെ വശത്താക്കുക. അഞ്ചെണ്ണത്തെ ജയിച്ച് ആറെണ്ണത്തെ അറിഞ്ഞ് ഏഴണ്ണത്തെ ഉപേക്ഷിച്ച് സുഖമായി ജീവിക്കുക.

ഒന്നുകൊണ്ട് രണ്ടിനെ നിശ്ചയിച്ച് എന്നാൽ ബുദ്ധികൊണ്ട് ചെയ്യേണ്ടതും ചെയേണ്ടതല്ലാത്തതും അറിഞ്ഞ് എന്നാണ്. സാമം, ദാനം, ഭേദം ദണ്ഡം എന്നീ നാലു കാര്യങ്ങളെ കൊണ്ട് മിത്രം, ശത്രു, ഉദാസീനൻ എന്നിവരെ വശത്താക്കുക. അഞ്ച് ഇന്ദ്രിയങ്ങളെ ജയിച്ച് സന്ധി, വിഗ്രഹം, യാനം, ആസനം, ദ്വൈധം, ആശയം എന്നീ ആറു ഷഡ് ഗുണങ്ങളെ കൊണ്ട് സപ്തവ്യസസങ്ങളെ ഉപേക്ഷിക്കുക എന്നാൽ നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യപാനം, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അർത്ഥ ദൂഷണം, എന്ന ഏഴണ്ണത്തെ ഉപേക്ഷിച്ച് സുഖമായി ജീവിക്കുക എന്നാണു്, വിദുരർ ധൃതരാഷ്ട്ര മഹാരാജാവിന് ഉപദേശിച്ചത്. പുത്ര സ്നേഹത്താൽ അന്ധരായി മക്കളുടെ ദുഷ്കൃത്യങ്ങളെ കൊണ്ട് പൊറുതിമുട്ടി കഴിയുന്ന മാതാപിതാക്കൾക്ക് ഇന്നും അറിഞ്ഞിരിക്കേണ്ട ഉപദേശങ്ങളാണിവ. മനുഷ്യ ജീവിതം ശാന്തവും സമാധാനവുമാക്കാനുള്ള എല്ലാ ഉപദേശവും വിദുരനീതിയിലുണ്ട്.